ഷാർജയിലെ അൽ മജാസ് ഒന്നിലെ പള്ളിയിലെ വനിതകളുടെ നമസ്കാര മുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.
ഒരു ദിവസം മാത്രം പ്രായമുള്ള ആഫ്രിക്കൻ വംശജരെന്ന് തോന്നിക്കുന്ന കുഞ്ഞിനെ മസ്ജിദ് ഗാർഡ് ആണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഗാർഡ് നമസ്കാരത്തിനായി പോകുമ്പോഴാണ് കരയുന്ന കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ഷാർജ പോലീസിലെ ഓപ്പറേഷൻ റൂമിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് പോലീസ് പട്രോളിംഗ് കാറും ആംബുലൻസും സംഭവസ്ഥലത്തെത്തി കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടിയുടെ അമ്മയെ കണ്ടെത്താൻ ഷാർജ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോൾ ആശുപത്രിയിലെ ഐസിയുവിലാണ്.
കുഞ്ഞിനെ ശിശു സംരക്ഷണ സമിതിക്ക് കൈമാറുന്നതിന് മുമ്പ് കുഞ്ഞിന് ആവശ്യമായ എല്ലാ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പുകളും സമ്പൂർണ മെഡിക്കൽ പരിശോധനയും നൽകുമെന്നും പോലീസ് പറഞ്ഞു