ബാങ്കിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് പറഞ്ഞു കൊണ്ട് വിളിച്ച് തട്ടിപ്പ് നടത്തുന്ന 494 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് 406 ഫോൺ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട 494 പേരെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഈ തട്ടിപ്പുകൾ നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, സിം കാർഡുകൾ എന്നിവയും ഗണ്യമായ തുകയും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഇത്തരത്തിലുള്ള ഫോൺ വിളികളിൽ ഭയപ്പെട്ട് ക്രെഡിറ്റ് കാർഡ് വിവരങ്ങളും മറ്റ് ബാംങ്കിംഗ് വിവരങ്ങളും നൽകി കബളിക്കപ്പെട്ട് ഭീമമായ തുക നഷ്ടപ്പെട്ടവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തത്.
ബാങ്കിൽ നിന്നുള്ളവരാണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ബാങ്കിംഗ് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി നിവാസികളോട് അഭ്യർത്ഥിച്ചു.