ദോഹ: നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ എമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ആമുഖ പ്രഭാഷണം നടത്തി.
ഖത്തറിൻ്റെ സാമ്പത്തിക വ്യവസായ മേഖലയിലെ വളർച്ചയെ വിശദീകരിച്ചു കൊണ്ട് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ സംസാരിച്ചു.സാങ്കേതിക മേഖലയിൽ ഖത്തർ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
പോളണ്ട് പ്രസിഡണ്ട് ആന്ദേസ് ഡ്യൂഡ, മലേഷ്യൻ പ്രധാനമന്ത്രി അൻ വർ ഇബ്രാഹീം, ഇന്ത്യോനേഷ്യയിലെ നിയുക്ത പ്രസിഡണ്ട് പ്രബാവോ സുബിയാന്തോ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമ്പത്തിക മേഖലയിലെ വിദഗ്ദർ, മാനേജ്മെൻ്റ് പ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള കമ്പനി മേധാവികൾ മുതലായവർ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. വ്യാപാരം, ഊർജ്ജം, ആഗോളവത്ക്കരണം, സാങ്കേതികവത്ക്കരണം, നിക്ഷേപം എന്നിങ്ങനെ വിവിധ മേഖലകളെ കുറിച്ച് ഫോറം ചർച്ച ചെയ്യും മുന്ന് ദിവസങ്ങളിലായി നടക്കുന്ന ഖത്തർ സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്നത് ബ്ലുംബെർഗ് ആണ്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി. സമ്മേളനത്തിൽ പങ്കെടുക്കുന്ന ഉന്നത തല പ്രതിനിധികൾക്കായി അമീർ ഒരുക്കിയ സ്വീകരണത്തിൽ വെച്ചാണ് അമീറുമായി യൂസഫലി കൂടിക്കാഴ്ച നടത്തിയത്.
ഖത്തറിലെ ഇന്ത്യൻ അംബാസഡറുമായും സാമ്പത്തിക ഫോറം വേദിയിൽ വെച്ച് യൂസഫലി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരത്തിന് ലുലു ഗ്രൂപ്പ് നൽകുന്ന സംഭാവനകളെ അംബാസഡർ വിപുൽ സമൂഹമാധ്യമമായ എക്സിൽ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ഖത്തർ, യു.എസ്., യൂറോപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫും സംബന്ധിച്ചു.