ദുബായുടെ പ്രധാന നിരത്തുകളിലൊന്നായ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 9 കിലോമീറ്റർ ദൂരത്തിൽ ഊർജ ഉപയോഗം കുറഞ്ഞ 900 പ്രകൃതി സൗഹൃദ വിളക്കുകൾ സ്ഥാപിച്ചു. ഊർജ ഉപഭോഗം കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ LED വിളക്കുകൾ സ്ഥാപിക്കുന്നത്.
യുഎഇയുടെ സുസ്ഥിര സംരംഭങ്ങളുടെയും ഭാഗമാണിത്. ആറു മാസക്കാലം സമയമെടുത്താണ് വിളക്ക് സ്ഥാപിക്കൽ പൂർത്തിയാക്കിയത്. 10 ലൈനുകളിലായി ഇരു ഭാഗത്തുകൂടിയും സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ആദ്യ ഘട്ടത്തിൽ ദേര മുതൽ അൽ ഗർഹൂദ് പാലം വരെയുള്ള ഭാഗവും രണ്ടാം ഘട്ടത്തിൽ ദേര മുതൽ ബർദുബൈ വരെയും അവസാന ഘട്ടത്തിൽ ബർദുബൈ മുതൽ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് ജംങ്ഷൻ വരെയുമാണ് പദ്ധതി നടപ്പാക്കിയത്
ദുബായിലെ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കിഏറ്റവും മികച്ച രീതികൾ സ്വീകരിച്ചാണ് തെരുവ് വിളക്കുകളുടെ പരീക്ഷണം നടപ്പിലാക്കിയതെന്ന് റോഡുകളുടെയും സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു.
പരമ്പരാഗത രീതികളേക്കാൾ പരിസ്ഥിതി സൗഹൃദമാണ് ഈ LED തെരുവ് വിളക്കുകൾ . ഇതിനു 60 ശതമാനം കുറവ് ഊർജം മാത്രമാണ് ആവശ്യമുള്ളത് . പരമ്പരാഗത വിളക്കുകളേക്കാൾ 173 ശതമാനം കാലം നിലനിൽക്കുകയും ചെയയ്യും. പരമ്പരാഗത വിളക്കുകൾ 22,000 മണിക്കുറുകൾ നിലനിൽക്കുമ്പോൾ LED 60,000 മണിക്കുറുകൾ പ്രവർത്തിക്കും.
വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഇടവേള കുറയുന്നതിനാൽ അറ്റകുറ്റപ്പണികളുടെയും പ്രവർത്തനത്തിന്റെയും ചെലവ് കുറയും . മാത്രമല്ല എൽ. ഇ. ഡി. വിളക്കുകൾ 38 ശതമാനം വരെ ചൂടും കുറയാൻ സഹായിക്കും. ഇതുവഴി ദുബായിലെ തെരുവ് വിളക്കുകളുടെ കാര്യക്ഷമത വർധിക്കുകയുമാണ് , അദ്ദേഹം പറഞ്ഞു.
പുതിയ LED വിളക്കുകൾ കൂടുതൽ തിളക്കവും വ്യക്തതയും നൽകുന്നതാണ്. ഇതുവഴി രാത്രികാലങ്ങളിൽ ദൃശ്യതയും ഗതാഗത സുരക്ഷയും വർധിക്കും. പരമ്പരാഗത വിളക്കുകളേക്കാൾ ഇരട്ടി തെളിച്ചമാണ് LED വിളക്കുകൾക്കെന്നും അധികൃതർ വ്യക്തമാക്കി