ഷാർജ: അറബി ഭാഷയുടെ ചരിത്ര നിഘണ്ടു പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. 127 വാല്യങ്ങളുള്ള അറബി ഭാഷയുടെ ചരിത്ര നിഘണ്ടു പൂർത്തിയാക്കിയതായാണ് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കിയത്.
സംസ്‌കാരം, സാഹിത്യം, അറബി ഭാഷ എന്നിവയിൽ ഷാർജയുടെ വർദ്ധിച്ചുവരുന്ന നേട്ടങ്ങളുടെ ഭാഗമാകുകയാണ് ഈ ചരിത്ര നിഘണ്ടു. അറബിക് ഭാഷാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 21-ന് ഡോ. സുൽത്താൻ അൽ ഖാസിമി സെന്ററിൽ അറബിക് ഭാഷാ പഠനത്തെക്കുറിച്ചുള്ള രണ്ടാം ഷാർജ ഇന്റർനാഷണൽ കോൺഫറൻസ് ഇൻ യൂറോപ്പിന്റെ (SICALE) ലോഞ്ച് വേളയിലാണ് ഷാർജ ഭരണാധികാരി ഇക്കാര്യം അറിയിച്ചത്.
അറബി ഭാഷയുടെ ചരിത്ര നിഘണ്ടു വാല്യങ്ങൾ പൂർത്തിയാക്കിയതിൽ ഷാർജ ഭരണാധികാരി വളരെ സന്തോഷം പ്രകടിപ്പിച്ചു. യൂറോപ്പിലെ പണ്ഡിതന്മാരെയും ഗവേഷകരെയും അദ്ദേഹം സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു.
ഇത് യഥാർത്ഥത്തിൽ ആഘോഷത്തിന്റെ നിമിഷമാണ്. തങ്ങളുടെ കൂട്ടായ പ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ്. 500 ഗവേഷകരുടെയും ഏകദേശം 200 പ്രൂഫ് റീഡർമാരുടെയും നിരൂപകരുടെയും പ്രിന്റർമാരുടെയും ഏഴു വർഷത്തെ അർപ്പണ ബോധത്തിന്റെ സാക്ഷാത്കാരമാണ് ഈ നിഘണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൊമാനിയ, കസാക്കിസ്ഥാൻ, സ്‌പെയിൻ, നോർവേ, പോളണ്ട്, റഷ്യ, ജർമ്മനി, സെർബിയ, ക്രൊയേഷ്യ, ഡെൻമാർക്ക്, തുർക്കി, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും അക്കാദമിക് വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. അറബി ഭാഷ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലുമുള്ള അവരുടെ അതുല്യമായ അനുഭവങ്ങളും നേരിടുന്ന വെല്ലുവിളികളും അവർ സമ്മേളനത്തിൽ പങ്കുവെച്ചു.