അബുദാബി: യുഎഇയിലെ എല്ലാ താമസക്കാർക്കും പൗരന്മാർക്കും സൗജന്യ അംഗത്വം വാഗ്ദാനം ചെയ്ത് അബുദാബിയിലെ ഖസർ അൽ വതൻ ലൈബ്രറി. വൈവിധ്യമാർന്ന പുസ്തക ശേഖരം വായിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ അംഗത്വം നേടാം. അബുദാബി അറബിക് ഭാഷാ കേന്ദ്രവുമായാണ് ലൈബ്രറി അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വായനാ സംസ്‌കാരം സ്ഥാപിക്കാനുമാണ് പുതിയ നടപടി ലക്ഷ്യം വെയ്ക്കുന്നത്. സാംസ്‌കാരിക അവബോധം വളർത്തുന്നതിനും അറബി ഭാഷയെ പിന്തുണയ്ക്കുന്നതിനും പുതിയ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അബുദാബിയിലെ പ്രധാന സാംസ്‌കാരിക നാഴികക്കല്ലുകൾ ഉയർത്തിക്കാട്ടുന്ന ഒരു പ്രധാന ചരിത്ര റഫറൻസായി ഖസർ അൽവതൻ ലൈബ്രറി പ്രവർത്തിക്കുന്നു. അപൂർവ കൈയെഴുത്തുപ്രതികളും ചരിത്ര പുസ്തകങ്ങളും ഇവിടെയുണ്ട്. വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഈ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നുണ്ട്.