ദുബായ്: സൂപ്പർ-കണക്റ്റഡറ്റും എളുപ്പത്തിൽ ജീവിക്കാൻ കഴിയുന്നതുമായ ഡിജിറ്റൽ നഗരം നിർമ്മിക്കാനൊരുങ്ങി ദുബായ്. അതിനാൽ സൈബർ സുരക്ഷ ജനങ്ങളുടെ ദൈനംദിന സംസ്‌കാരത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡിജിറ്റൽ ദുബായ് ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി ഒരു കോൺഫറൻസിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നൊവേഷൻ, ടെക്‌നോളജി, സാമ്പത്തിക വളർച്ച എന്നിവയുടെ മാനദണ്ഡമായി ദുബായ് മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ, സ്വകാര്യ ഡാറ്റ ഓൺലൈനിൽ പങ്കിടുന്നത് മടിയും ഭയവും നിറഞ്ഞതായിരുന്നു. ഇന്ന് വ്യക്തിഗത വിവരങ്ങൾ നൽകാതെ ഡിജിറ്റൽ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ ഡിജിറ്റൽ പരിവർത്തനത്തിൽ ദുബായ് ശ്രദ്ധേയമായ വിജയം കൈവരിച്ചതിൽ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററിനും യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ കോടിക്കണക്കിന് ദിർഹം ചെലവഴിച്ച് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ യുഎഇ മുൻനിരയിലാണ്. സൈബർ സ്പേസ് മികച്ച രീതിയിൽ സുരക്ഷിതമാക്കുന്നതിന് സൈബർ സുരക്ഷാ ഉപകരണങ്ങൾ എല്ലാവർക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.
സൈബർ ആക്രമണങ്ങൾ, ഫിഷിംഗ്, സൈബർ സുരക്ഷ എന്നിവയെ കുറിച്ച് ജനങ്ങൾ അവബോധരായിരിക്കണം. സൈബർ സുരക്ഷ ജനങ്ങളുടെ ദൈനംദിന സംസ്‌കാരത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.