ദുബായ്: ദുബായ് മിറാക്കിൾ ഗാർഡൻ ഇന്ന് (സെപ്തംബർ 28 ) തുറക്കുന്നു. ദുബായ് മിറാക്കിൾ ഗാർഡൻ(ഡിഎംജി) ഫാമിലി തീം പാർക്ക് സീസൺ 13-ന് ആണ് ഇന്ന് തുടക്കമാകുന്നത്. യുഎഇയിൽ താമസിക്കുന്നവർക്ക് ഗാർഡനിലേക്കുള്ള പ്രവേശന നിരക്ക് കുറച്ചതായി അധികൃതർ വ്യക്തമാക്കി.
എമിറേറ്റ്സ് ഐഡി കാണിച്ച് മുതിർന്നവർക്കും കുട്ടികൾക്കും 60 ദിർഹത്തിന് ഗാർഡനിൽ പ്രവേശിക്കാം. 65 ദിർഹമായിരുന്നു കഴിഞ്ഞ വർഷം ഗാർഡനിലേക്കുള്ള പ്രവേശന നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. അതേസമയം, വിനോദസഞ്ചാരികൾക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാർക്കും പ്രവേശന ടിക്കറ്റ് നിരക്ക് 5 ദിർഹം വർധിപ്പിച്ചു. ഇപ്പോൾ യുഎഇയിക്ക് പുറത്തുള്ള മുതിർന്നവർക്ക് 100 ദിർഹവും കുട്ടികൾക്ക് 85 ദിർഹവുമാണ്. സെപ്തംബർ 28 മുതൽ ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമാണിത്. 120 ഇനങ്ങളിലുള്ള 150 ദശലക്ഷത്തിലേറെ പൂക്കൾ ഇവിടെയുണ്ട്. 5 ലക്ഷത്തിലേറെ പുഷ്പങ്ങളും സസ്യങ്ങളും കൊണ്ട് നിർമിച്ച എമിറേറ്റ്സ് എ380-ന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് രൂപമാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ ഏറ്റവും പ്രധാന ആകർഷണം.