ദുബായ്: ജോലി സമയം കുറയ്ക്കുന്നത് ജീവനക്കാരുടെ ക്ഷേമവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ആളുകൾക്ക് അവരുടെ കുടുംബത്തോടൊപ്പം വിശ്രമിക്കാനും ആസ്വദിക്കാനും കൂടുതൽ സമയം നൽകുന്നത് മാനസിക ക്ഷേമത്തിന് മികച്ചതാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റ് 12 മുതൽ ദുബായിലെ 15 സർക്കാർ സ്ഥാപനങ്ങളിൽ ജോലി സമയം ഏഴായി ചുരുക്കിയ ‘ഫ്‌ലെക്‌സിബിൾ സമ്മർ’ സംരംഭം സെപ്റ്റംബർ 30 തിങ്കളാഴ്ച സമാപിക്കുന്നതിനിടെയാണ് ആരോഗ്യ വിദഗ്ധർ ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. കുറഞ്ഞ ജോലിസമയം മാനസികാരോഗ്യത്തിന് കാര്യമായ ഗുണം ചെയ്യുന്നുവെന്ന് ആസ്റ്റർ റോയൽ ക്ലിനിക്കിലെ സൈക്യാട്രിസ്റ്റായ ഡോ സൽമാൻ കരീം അറിയിച്ചു. മെച്ചപ്പെട്ട മാനസികാവസ്ഥയ്ക്കും തൊഴിൽ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് കാരണമായതായി അദ്ദേഹം വിശദീകരിച്ചു.
കടുത്ത വേനൽ മാസങ്ങളിൽ കുറഞ്ഞ ജോലി സമയം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായകമായി. ജോലി സമയം ഇനിയും കുറയ്ക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നാണ് മെഡിക്കൽ വിദഗ്ധർ നൽകുന്ന ശുപാർശ.
കണ്ണിന്റെ ആയാസം കുറയ്ക്കാനും കുറഞ്ഞ ജോലിസമയം സഹായിക്കും. സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുന്നതിലൂടെ, തൊഴിലാളികൾക്ക് അവരുടെ കണ്ണുകൾക്ക് ആവശ്യമായ ഇടവേള നൽകാൻ കഴിയുംമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.