അജ്മാൻ: ഒക്ടോബർ മാസത്തെ പുതിയ ടാക്‌സി നിരക്ക് പ്രഖ്യാപിച്ച് അജ്മാൻ. ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കിലോമീറ്ററിന് 1.75 ദിർഹം ആയിരിക്കും നിരക്കെന്ന് അതോറിറ്റി അറിയിച്ചു. സെപ്തംബർ മാസത്തെ അപേക്ഷിച്ച് 1 ഫിൽസ് കുറവാണിത്. സെപ്തംബറിൽ ഒരു കിലോമീറ്ററിന് 1.80 ദിർഹമായിരുന്നു നിരക്ക്.
തുടർച്ചയായ രണ്ടാം മാസമാണ് അജ്മാനിൽ ടാക്‌സി നിരക്ക് കുറയുന്നത്. ഓഗസ്റ്റ് മാസത്തെ 1.83 ദിർഹമെന്ന നിരക്കിൽ നിന്നും മൂന്ന് ഫിൽസ് സെപ്തംബറിൽ കുറഞ്ഞിരുന്നു.
യുഎഇയിൽ ഒക്ടോബർ മാസത്തെ ഇന്ധനവില വില പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അജ്മാനിൽ ടാക്‌സി നിരക്ക് കുറച്ചത്. ഒക്ടോബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.66 ദിർഹമായിരിക്കും നിരക്ക്. സ്പെഷ്യൽ 95 പെട്രോളിന് ഒക്ടോബർ 1 മുതൽ 2.54 ദിർഹമാണ് വില. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.47 ദിർഹവും ഡീസൽ ലിറ്ററിന് 2.6 ദിർഹവുമാണ് വിലയെന്ന് അധികൃതർ വ്യക്തമാക്കി.