ദുബായ്: 3 വർഷത്തെ അന്വേഷണത്തിന് ശേഷം കാണാതായ ഭർത്താവിനെ കണ്ടെത്തിയ പ്രവാസി വനിത കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങുന്നു. തന്റെ ഭർത്താവ് സഞ്ജയ് മോട്ടിലാൽ പാർമറിനെ കണ്ടെത്താനായി കോമൽ എന്ന സ്ത്രീ നടത്തിയ ശ്രമങ്ങൾക്കാണ് പരിസമാപ്തി കുറിച്ചിരിക്കുന്നത്. വിസ പൊതുമാപ്പ് പ്രോഗ്രാം പ്രയോജനപ്പെടുത്തിയാണ് സഞ്ജയ് തന്റെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകുന്നത്.
ഒക്ടോബർ 2 ന് സഞ്ജയും കുടുംബവും ഗുജറാത്തിലെ സൂററ്റിലേക്ക് പറക്കും. പൊതുമാപ്പ് പദ്ധതിയിലൂടെ സഞ്ജയ് എക്‌സിറ്റ് പാസ് നേടുകയായിരുന്നു. ഏറെ നാളത്തെ ആഗ്രഹമാണ് ഇപ്പോൾ സാക്ഷാത്ക്കരിച്ചതെന്ന് സഞ്ജയ് വ്യക്തമാക്കി. മൂന്ന് വർഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നതെന്നായിരുന്നു കോമലിന്റെ പ്രതികരണം.
ആദ്യം ഇത് ഒരു നീണ്ട പ്രക്രിയയായി തോന്നി. പക്ഷേ ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. എക്‌സിറ്റ് പേപ്പറുകൾ ലഭിച്ചുവെന്നും നാട്ടിലേക്ക് പോകാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണെന്നും കോമൽ കൂട്ടിച്ചേർത്തു.