ദുബായ്: എക്സ്പോ സിറ്റി ദുബായ് മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 75,000 ത്തോളം ആളുകൾക്ക് താമസ സൗകര്യങ്ങളും ബിസിനസ് സൗകര്യങ്ങളുമുള്ള എക്സ്പോ സിറ്റി ദുബായുടെ പുതിയ മാസ്റ്റർ പ്ലാനിന് ആണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യാഴാഴ്ച അംഗീകാരം നൽകിയത്.
അഞ്ച് ജില്ലകളിൽ 3.5 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന എക്‌സ്‌പോ സിറ്റി ദുബായിൽ 35,000-ത്തിലധികം താമസക്കാർക്കും 40,000 പ്രൊഫഷണലുകൾക്കും താമസിക്കാനുള്ള ശേഷിയുണ്ടാകും. യുഎഇയുടെ മുൻനിര സംഘടനകളിലൊന്നായ ഡിപി വേൾഡിന്റെ പുതിയ ആഗോള ആസ്ഥാനം, 10 ബില്യൺ ദിർഹം മൂല്യമുള്ള പുതിയ അന്താരാഷ്ട്ര പ്രദർശന കേന്ദ്രം എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.
എക്സ്പോ സിറ്റി ദുബായെ സംരംഭകർക്കും നിക്ഷേപകർക്കുമുള്ള ഒരു കേന്ദ്രമായി മാറ്റാൻ പുതിയ പദ്ധതി ലക്ഷ്യമിടുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബായുടെ വിജയഗാഥയിലെ ഒരു പുതിയ അധ്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.