ദുബായ്: വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയ അധ്യാപകന് തടവും 5000 ദിർഹം പിഴയും ശിക്ഷ വിധിച്ച് കോടതി. അബുദാബി ഫെഡറൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചത്. തന്റെ സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ബ്രിട്ടീഷ് അധ്യാപകനെതിരെ കോടതി നടപടി സ്വീകരിച്ചത്.
മൂന്ന് വർഷം തടവും 5,000 ദിർഹം പിഴയുമാണ് അധ്യാപികന് കോടതി വിധിച്ച ശിക്ഷ. തടവു ശിക്ഷ കാലാവധി പൂർത്തിയായതിന് ശേഷം അധ്യാപകനെ യുഎഇയിൽ നിന്നും നാടുകടത്തും. പരീക്ഷാഫലം മാറ്റുന്നതിന് പകരമായി കൈക്കൂലി വാങ്ങുകയും വിദ്യാർത്ഥികളുടെ ഗ്രേഡ് അന്യായമായി ഉയർത്തുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള ആരോപണം.
പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതോടെയാണ് അധ്യാപകനെതിരെയുള്ള തെളിവുകൾ ലഭിച്ചത്.