അബുദാബി: വിസ പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ സൃഷ്ടിക്കുമെന്ന് യുഎഇ. പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താൽക്കാലിക യുഐഡി നമ്പറാണിത്. ഈ നമ്പർ വച്ചാണ് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
പിഴയിൽ ഇളവിന് അപേക്ഷിക്കുന്നതിനും രാജ്യം വിടാനുള്ള എക്‌സിറ്റ് പാസ് ലഭിക്കുന്നതിനും താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനും ഇത് അനിവാര്യമാണ്. പാസ്‌പോർട്ട് അല്ലെങ്കിൽ ഔട്പാസ് ഉപയോഗിച്ച് സ്മാർട്ട് സിസ്റ്റം വഴി അപേക്ഷ നൽകിയാൽ പിഴ ഒഴിവാക്കി എക്‌സിറ്റ് പെർമിറ്റ് എടുത്ത് രാജ്യം വിടാം. രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യമുണ്ടാകും.
പൊതുമാപ്പ് അവസാനിക്കാൻ ഇനി 3 ആഴ്ച മാത്രമാണുള്ളത്. നിയമലംഘകർ എത്രയും വേഗം അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.