അബുദാബി: സുപ്രീം സ്‌പേസ് കൗൺസിൽ സ്ഥാപിക്കാൻ യുഎഇ. ബഹിരാകാശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഗവേഷണത്തിനും മറ്റും മേൽനോട്ടം വഹിക്കുന്നതിനും വേണ്ടിയാണ് യുഎഇ സുപ്രീം സ്‌പേസ് കൗൺസിൽ സ്ഥാപിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗൺസിന്റെ അധ്യക്ഷനാകും. കൗൺസിലിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ ബഹിരാകാശ സുരക്ഷാ നയങ്ങൾ രൂപീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുക, രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്. യുഎഇ ബഹിരാകാശ ഏജൻസിയാകും കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ്.
ബഹിരാകാശ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുക, പദ്ധതികളിൽ മുൻഗണന നിശ്ചയിക്കൽ, നിക്ഷേപം ആകർഷിക്കൽ തുടങ്ങിയവയാണ് കൗൺസിലിന്റെ മറ്റ് ലക്ഷ്യങ്ങൾ.