ദുബായ്: അയർലന്റിലെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളിൽ ഒരാളെ അറസ്റ്റ് ചെയ്ത് യുഎഇ. കിനഹാൻ സംഘടിത ക്രൈം ഗ്രൂപ്പിലെ ഉന്നത അംഗമെന്ന് പറയപ്പെടുന്ന 38 കാരനായ സീൻ മക്ഗവർണാണ് അറസ്റ്റിലായത്. ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഒക്ടോബർ 10 നാണ് ഇയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റിന് പിന്നാലെ ഇന്റർപോൾ യുഎഇയ്ക്ക് നന്ദി അറിയിച്ചു. ഐറിഷ് അധികൃതരുടെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെയും സംയുക്ത ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ഇന്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് പറഞ്ഞു. നിയമത്തിൽ നിന്നും ഒളിച്ചോടാൻ ഒരു ക്രിമിനലിനും കഴിയില്ലെന്ന കാര്യമാണ് ഈ സംഭവം അടിവരയിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.