അബുദാബി: യുഎഇയിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരിക്കുന്നത്. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ താപനിലയിലും കുറവുണ്ടാകും. അതേസമയം അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ശനിയാഴ്ച നേരിയ തോതിൽ മഴ പെയ്തിരുന്നു.
ചില പ്രദേശങ്ങളിൽ രാത്രി 10 വരെ മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെൻറർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകിയിരുന്നു.