ദുബായ്: കളഞ്ഞു കിട്ടിയ വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ എൽപ്പിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് ദുബായ് പോലീസ്. തന്റെ കാറിൽ നിന്ന് കണ്ടെടുത്ത ഒരു മില്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങളാണ് ഈജിപ്ഷ്യൻ പൗരനായ ടാക്‌സി ഡ്രൈവർ തിരികെ നൽകിയത്. ദുബായ് ടാക്‌സി കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ഹമദ അബു സെയ്ദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്.
അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മജീദ് അൽ സുവൈദി, ഹമദ അബു സെയ്ദിന്റെ സദ്പ്രവൃത്തിയെ പ്രശംസിച്ചു. സമൂഹത്തിന്റെ സുരക്ഷയും സന്തോഷവും ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളും പോലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ആശയം ശക്തിപ്പെടുത്തുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടാക്‌സി ഡ്രൈവറെ ആദരിച്ചത്. അതേസമയം, ദുബായ് പോലീസ് തനിക്ക് നൽകിയ ആദരവിന് ഹമദഅബു സയിദ് നന്ദി അറിയിച്ചു. വിലപിടിപ്പുള്ള വസ്തുക്കൾ ശരിയായ ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകുന്നതിന് വേണ്ടി അവ പോലീസിന് കൈമാറേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.