ദുബായ്: ദുബായിൽ വൻ വികസന പദ്ധതിയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി(ആർടിഎ). നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് നടപടി. ദുബായ് അൽ വർഖയിൽ പുതിയ പ്രവേശനവും എക്‌സിറ്റ്, വഴി വിളക്കുകൾ, താമസ കേന്ദ്രങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങൾ, ഇട റോഡുകൾ എന്നിവ ഉൾപ്പെടെയുള്ളവ ഒരുക്കിയാണ് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പദ്ധതിയിടുന്നത്.
വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് എട്ട് കിലോമീറ്റർ നീളത്തിലാണ് ഇട റോഡുകൾ നിർമിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 5,000 വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയും. യാത്രാ ദൂരം 5.7 കിലോമീറ്ററിൽ നിന്ന് 1.5 കിലോമീറ്ററായി കുറയുമെന്നതാണ് മറ്റൊരു പ്രയോജനം. അൽ വർഖ സ്ട്രീറ്റ് ഒന്നിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നിലവിലുള്ള റൗണ്ട് എബൗട്ടുകളിൽ സിഗ്‌നലുകൾ സ്ഥാപിക്കും. പദ്ധതി പൂർത്തിയായാൽ അൽ വർഖ സ്ട്രീറ്റ് ഒന്നിൻറെ വാഹന ശേഷി 30 ശതമാനം വർധിക്കും.
അൽ വർഖ 3, 4 സ്ട്രീറ്റുകളിൽ നിലവിൽ ഇടറോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പരിസര പ്രദേശങ്ങളിൽ നിലവിലുള്ള സൈക്ലിങ് ട്രാക്കുമായി ബന്ധിപ്പിക്കുന്നതിന് 16 കിലോമീറ്റർ ട്രാക്കും നിർമിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.