ദുബായ്: ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന മാർഗനിർദേശങ്ങൾ മനസിലാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല. കൊപ്ര കൊണ്ടു പോകുന്നത് ചെക്ക്-ഇൻ ചെയ്ത ലഗേജിൽ അനുവദിക്കില്ല. 2022 മാർച്ചിൽ ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ സിവിൽ ഏവിയേഷൻറെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉൾപ്പെടുത്തിയത്. ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളിൽ ഇ-സിഗരററ്റുകളും അനുവദനീയമല്ല.
അതുപോലെ തന്നെ ലഗേജിൽ മുഴുവനായോ പൊടിയായോ സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുപോകാൻ കഴിയില്ല. എങ്കിലും ബിസിഎഎസ് മാർഗനിർദേശങ്ങൾ അനുസരിച്ച് ചെക്ക്-ഇൻ ലഗേജിൽ അവ അനുവദിച്ചിട്ടുണ്ട്. ലിക്വിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ് നെയ്യ്, വെണ്ണ എന്നിവ വരുന്നത്. അതുകൊണ്ട് ഇവ ക്യാരി-ഓൺ ലഗേജിൽ കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങൾ 100 മില്ലി എന്ന അളവിൽ , എയറോസോൾസ്, ജെൽസ് എന്നിവയുടെ കീഴിൽ പരിമിതപ്പെടുത്തുന്നുമുണ്ട്. എങ്കിലും ചെക്ക്-ഇൻ ലഗേജിന്റെ കാര്യത്തിൽ ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാൻ അനുവദിക്കുന്നു.