അബുദാബി: 53 ഡ്രൈവർമാരെ ആദരിച്ച് അബുദാബി പോലീസ്. ട്രാഫിക് നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും മികച്ച രീതിയിൽ പാലിച്ച അമ്പത്തിമൂന്ന് ഡ്രൈവർമാരെയാണ് യുഎഇ ആദരിച്ചത്. യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് അബുദാബി പോലീസിന്റെ നടപടി.
അബുദാബി പോലീസിന്റെ ഹാപ്പിനസ് പട്രോളിന്റെയും ഫസ്റ്റ് അബുദാബി ബാങ്കിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അബുദാബി പോലീസിലെ സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ നാസർ അബ്ദുല്ല അൽ സാദി പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ട്രാഫിക് സുരക്ഷയെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സുരക്ഷാപാത 2 കാമ്പെയ്നിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹംസകൂട്ടിച്ചേർത്തു.
വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രതയും കരുതലും പാലിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.