റാസൽഖൈമ മാരിടൈം സിറ്റി ഫ്രീസോണിൽ നിർമ്മിക്കുന്ന പുതിയ തുറമുഖം 2027ൽ പ്രവർത്തന സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു.
സഖർ 2.0 എന്ന പേരിൽ നിർമിക്കുന്ന തുറമുഖത്തിൽ കപ്പലുകൾ പുനഃചംക്രമണം നടത്താൻ കഴിയുന്ന യൂണിറ്റ് ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ആഗോള പാരിസ്ഥിതിക മുൻഗണനകളുമായി യോജിച്ചുകൊണ്ട് സുസ്ഥിരമായ കപ്പൽ പുനരുപയോഗത്തിന് വഴിയൊരുക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് RAK പോർട്ട് സിഇഒ റോയ് കമ്മിൻസ് പറഞ്ഞു. ആഡംബര നൗകകളുടെ അറ്റകുറ്റപ്പണികൾ, ചരക്കുനീക്കത്തിനുള്ള മികച്ച സൗകര്യങ്ങൾ, വിപുലമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കുള്ള പിന്തുണ തുടങ്ങിയവ സഖർ 2.0 തുറമുഖ പദ്ധതിയിൽ ഉണ്ടാകും.