സാമുദായിക സൗഹാർദം നിലനിർത്തുവാൻ പ്രവർത്തിക്കണമെന്ന് പി.വി. അബ്ദുൾ വഹാബ് എം.പി. പറഞ്ഞു.
ദുബായ് മണലൂർ മണ്ഡലം കെ.എം.സി.സി. ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്ത് കി ബസാറിൻ്റെ പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിൻ്റെ ഭരണഘടന തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാരിൽ നിന്നും ചില സംസ്ഥാന സർക്കാരുകളിൽ നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്.
റിപ്പബ്ലിക് എന്ന പദത്തിൻ്റെ അർത്ഥം തന്നെ മാറുന്ന രീതിയിലാണ് സംഘ്പരിവാറിൻ്റെ പ്രവർത്തനങ്ങൾ. രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങളെ പരിഗണിക്കുന്നില്ല. എന്നാൽ ചില സംസ്ഥാനങ്ങളെ അമിതമായി പരിഗണിക്കുകയും ചെയ്യുന്നു. ഫെഡറിലിസത്തിന് വേണ്ടി വാദിക്കുന്ന ചില സംസ്ഥാനങ്ങൾ അവരുടെ പ്രദേശങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയും മതസൗഹാർദം ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അബ്ദുൾ വഹാബ് ചൂണ്ടി കാട്ടി. ഈ കാലഘട്ടത്തിൽ നമ്മുടെ ബാദ്ധ്യത സമൂഹങ്ങൾ തമ്മിലും, സമുദായങ്ങൾ തമ്മിലുള്ള സൗഹാർദം സംരക്ഷിക്കുവാൻ പ്രവർത്തിക്കുക എന്നുള്ളതാണ്.
സ്ഥാനം ഏറ്റെടുത്തതിന് ശേഷം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് സാമുദായിക സൗഹാർദം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണെന്ന് പി.വി. അബ്ദുൾ വഹാബ് എം.പി. പറഞ്ഞു. സാമുദായിക സൗഹാർദം നിലനിർത്തുന്നതിൻ്റെ പ്രചരണവുമായി മണലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹബത്ത് കി ബസാർ എന്ന പരിപാടിക്ക് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.
തൃശൂർ ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത്, ജന:സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ , സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ല വൈസ് പ്രസിഡണ്ട് ആർ.വി.എം. മുസ്തഫ,സെക്രട്ടറിമാരായ ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ , മണ്ഢലം പ്രസിഡണ്ട് ഷക്കീർ കുന്നിക്കൽ, ഭാരവാഹികളായ മുഹമ്മദ് ഹർഷാദ്, റഷീദ് പുതുമനശേരി,മുഹമ്മദ് നൗഫൽ,ജാബിർ മജീദ്,ഷെമീം മണക്കോട്ട് എന്നിവർ പങ്കെടുത്തു.