റാസൽഖൈമയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് റാസൽഖൈമ മിസ്ഡിമെനേഴ്സ് കോടതി ഒരു റസ്റ്റോറൻ്റിന് 100,000 ദിർഹം പിഴ ചുമത്തി. കേസിലെ പ്രധാന പ്രതികളായ രണ്ട് വ്യക്തികൾക്കെതിരെയാണ് ഈ നിയമലംഘനങ്ങൾക്ക് കേസെടുത്തിരിക്കുന്നത്. ഒരാൾക്ക് 100,000 ദിർഹം പിഴയും മറ്റൊരാൾക്ക് മറ്റ് അനുബന്ധ ഫീസുകളോടൊപ്പം 5,000 ദിർഹം പിഴയും ചുമത്തി.
പ്രതികളായ റസ്റ്റോറൻ്റ് ഉടമയ്ക്കും ജീവനക്കാരിലൊരാൾക്കും എതിരെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിനും പാറ്റ അടങ്ങിയ കേടായ സീഫുഡ് സൂപ്പ് നൽകിയതിനും ഭക്ഷണം വിതരണം ചെയ്ത് കസ്റ്റമറുടെ ആരോഗ്യം അപകടപ്പെടുത്തുന്ന പ്രവൃത്തി മനഃപൂർവം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തി. റെസ്റ്റോറൻ്റ് യോഗ്യമല്ലാത്ത ഭക്ഷണം നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും കണ്ടെത്തി
പരാതിക്കാരി ഭർത്താവിനൊപ്പം റസ്റ്റോറൻ്റിലെത്തിയപ്പോൾ സീഫുഡ് സൂപ്പ് ഓർഡർ ചെയ്തപ്പോഴാണ് സൂപ്പിൽ ഒരു പാറ്റയെ കണ്ടത്. സൂപ്പിൽ പാറ്റയെ കാണിക്കുന്ന 12 സെക്കൻഡ് വീഡിയോ പരാതിക്കാരി റെക്കോർഡുചെയ്ത് പ്രചരിപ്പിക്കുകയും, മുനിസിപ്പാലിറ്റിയിലും പോലീസിലും പരാതി നൽകുകയും ചെയ്തു.