സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫോണിലൂടെയോ ഇമെയിലിലൂടെയോ നടത്തുന്ന സംശയാസ്പദമായ സാമ്പത്തിക അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം വ്യക്തികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഔദ്യോഗിക പ്രസ്താവനയിൽ, എല്ലാ സർക്കാർ സേവനങ്ങളും സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്‌തിട്ടുണ്ടെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, തങ്ങളുടെ ഓഫീസുകളിൽ നിന്നാണെന്ന് തെറ്റായി അവകാശപ്പെടുന്ന സൈബർ തട്ടിപ്പുകൾക്കെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിദേശത്തുള്ള യുഎഇ പൗരന്മാർ അടിയന്തര സാഹചര്യങ്ങൾക്ക് വേണ്ടി +971 800 24 വഴി ബന്ധപെടാമെന്നും മറ്റുള്ളവർക്ക് ബന്ധപ്പെടാനുള്ള ഔദ്യോഗിക കോൺടാക്റ്റ് നമ്പർ +971 800 44444 ആണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
വ്യക്തികൾ ജാഗരൂകരായിരിക്കാനും പണമോ തന്ത്രപ്രധാനമായ വിവരങ്ങളോ അഭ്യർത്ഥിക്കാൻ ശ്രമിക്കുന്ന ഏതെങ്കിലും അനധികൃത ആശയവിനിമയങ്ങൾ റിപ്പോർട്ട് ചെയ്യാനും അത് വ്യക്തികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.