ശബരിമലയിൽ മൂന്നാമത് ഒരു യുവതികൂടി ദർശനം നടത്തി മടങ്ങി. ശ്രീലങ്കൻ സ്വദേശിനി ശശികലയാണ് (47) ദർശനം നടത്തിയത്. വ്യാഴാഴ്ച രാത്രി 10. 40 ന് നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദർശനം നടത്തി മടങ്ങിയത്. ഭർത്താവുൾപ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദർശനത്തിനെത്തിയത്.
എന്നാൽ താൻ ദർശനം നടത്തിയിട്ടില്ലെന്നായിരുന്നു വ്യാഴാഴ്ച ശശികല മാധ്യമങ്ങളോട് പറഞ്ഞത്. മരക്കൂട്ടത്തുനിന്നു പോലീസ് തന്നെ തിരിച്ചയച്ചെന്നും വ്രതമെടുത്താണ് ദർശനത്തിനെത്തിയതെന്നുമായിരുന്നു ശശികല പറഞ്ഞത്. എന്നാൽ ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. അക്രമം ഭയന്നാവാം ഇവർ ദർശനം നടത്തിയ വിവരം മറച്ചുവച്ചതെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം ബിന്ദു, കനകദുർഗ എന്നീ യുവതികൾ മല കയറിയതിനെ തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.