യു എ ഇയിൽ വച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ തൂക്കം നോക്കി ചാർജ്ജ് ഈടാക്കുന്ന രീതി അവസാനിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനം. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ എയർ ഇന്ത്യയുടെ രീതി ആണ് പിൻവലിച്ചിരിക്കുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളിലും നാളെ മുതൽ ഇത് ബാധകമായിരിക്കും. 1500 ദിർഹമാണ് ഇനി മൃതദേഹം നാട്ടിൽ എത്തിക്കാൻ നൽകേണ്ട ചാർജ്ജ്. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പകുതി ചാർജ്ജ് നൽകിയാൽ മതിയാവും.
മറ്റ് ജിസിസി രാജ്യങ്ങളിലും എയർഇന്ത്യ സമാനമായ രീതിയാവും ഇനി നടപ്പിലാക്കുക. ഇതുപ്രകാരം 160 ഒമാൻ റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ, 225 ബഹ്‌റൈൻ ദിനാർ, 2200 ഖത്തർ റിയാൽ എന്നിങ്ങനെയാവും ചാർജ്ജ്.
പ്രവാസി ഇന്ത്യക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് മുൻകൈയെടുത്താണ് വേഗത്തിൽ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.