ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് രാത്രി ആരംഭം. പൂർണ്ണമായും യു എ ഇയിൽ നടക്കുന്ന മത്സരങ്ങളിൽ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 26 ടീമുകൾ ആണ് പങ്കെടുക്കുന്നത്. മത്സരങ്ങൾക്കായി യു.എ.ഇ ആരാധകരും കാത്തിരിക്കുന്നുണ്ട്. കിരീടം സ്വപ്നം കണ്ട് തന്നെയാണ് യു.എ.ഇയും ഒരുങ്ങുന്നത് .ടീമിനെ പ്രോൽസാഹിപ്പിക്കാനായി സ്വദേശികളുടെ ഒഴുക്കും ഉണ്ടാവും എന്ന് ഉറപ്പ്.
അതോടൊപ്പം ഇന്ത്യയുടെ സാന്നിധ്യവും പ്രവാസി ആരാധകർക്ക് ആവേശമാകും. ഇറാൻ, ഓസ്ട്രേലിയ എന്നീ വമ്പൻ ടീമുകളും ആരാധകരെ ആകർഷിക്കും. ഒട്ടേറെ പ്രവാസികളുള്ള ഈ രാജ്യത്ത് ഓരോ മത്സരത്തെയും പ്രോത്സാഹിപ്പിക്കാനായി വിവിധ രാജ്യക്കാർകൂടി എത്തുന്നതോടെ മത്സരം കൊഴുക്കുമെന്നാണ് സംഘാടകരുടെയും കണക്കുകൂട്ടൽ.
അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലെ എട്ട് മികച്ച സ്റ്റേഡിയത്തിലാണ് കളികൾ. ഏറെ മത്സരങ്ങളും അബുദാബിയിലാണ് എന്നത് അബുദാബിയിലെ ആവേശം കൂട്ടുന്നുണ്ട്. ഉദ്ഘാടന മത്സരം നടക്കുന്നത് അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ്. 43,000 പേർക്ക് കളികാണാവുന്ന ഈ സ്റ്റേഡിയംതന്നെയാണ് ഏഷ്യൻകപ്പിന്റെ മുഖ്യവേദി.