ദുബായ്: ഇന്ന് യുഎഇയിലെ കാലാവസ്ഥ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ ഭാഗത്തുള്ള ചില തീരദേശ, ഉൾപ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം.
കിഴക്ക്, തെക്കൻ ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ ഇടയുണ്ട്. ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. അബുദാബിയിൽ താപനില 34°C ആയി കുറയുമെന്നും സ്വീഹാൻ, ഗാസിയോറ തുടങ്ങിയ ചില പ്രദേശങ്ങളിൽ 49°C വരെ ഉയർന്ന താപനിലയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, ദുബായിൽ ഉയർന്ന താപനില 46°C വരെ എത്തുമെന്നും കുറഞ്ഞ താപനില 35°C ആയിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.