ജോലി അന്വേഷിച്ചലയുന്നവർക്ക് കൈത്താങ്ങ്; ദുബായിൽ ഈ മനുഷ്യൻ

ഫോട്ടോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്:

മറ്റുള്ളവർക്ക് ജോലി വാങ്ങി നൽകുന്ന നിരവധി ആളുകൾ ദുബായിയിൽ ഉണ്ട്. ഏജന്റുമാർ മുതൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി ഏർപ്പാടാക്കുന്നവരും കാശിനു വേണ്ടി അത് ചെയ്യുന്നവരും എല്ലാം. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് പിക്കപ്പ് വാനുമായി ദുബായ് നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്ന സിജു എന്ന ഈ മനുഷ്യൻ. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം ദുബായിയിൽ ഉണ്ട്. ഇക്കാലത്തിനിടയിൽ 120 ആളുകൾക്കാണ് സിജുവിന്റെ മുൻകൈയിൽ ജോലി ലഭിച്ചത്.

തനിക്ക് യാതൊരു മുൻ പരിചയമോ ബന്ധമോ ഇല്ലാത്ത മനുഷ്യർക്കാണ് സിജുവിന്റെ സഹായങ്ങൾ. ജോലി അന്വേഷിച്ച് ദുബായിയിൽ അലയുന്നവർക്ക് ജോലി കണ്ടുപിടിച്ചു നൽകുക മാത്രമല്ല, അവർക്ക് ആവശ്യമെങ്കിൽ ഭക്ഷണവും താമസസ്ഥലവും കൂടി ജോലി ലഭിക്കുന്നത് വരെ ഇദ്ദേഹം ഒരുക്കി നൽകുന്നു. 2006 ൽ വെറും 600 ദിർഹം മാസ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന സിജു, സലിം എന്ന കോട്ടയം സ്വദേശിക്ക് 2000 ദിർഹം ശമ്പളമുള്ള ജോലി ഏർപ്പാടാക്കി നൽകിയാണ് ഈ സേവനങ്ങൾ ആരംഭിക്കുന്നത്. എന്ത് കൊണ്ട് ആ ജോലി സ്വയം എടുത്തില്ല എന്ന് ചോദിച്ച സുഹൃത്തുക്കളോട് എനിക്കുള്ള ജോലി എനിക്കും അയാൾക്കുള്ള ജോലി അയാൾക്കും എന്നായിരുന്നു പുഞ്ചിരിയോടെ സിജുവിന്റെ മറുപടി.

എന്നാൽ ഈ സേവനങ്ങൾ സൗജന്യമല്ല എന്ന് സിജു പറയുന്നു. ഇതിന് പ്രത്യുപകാരമായി ഇദ്ദേഹം ആവശ്യപ്പെടുന്നത് 2 കാര്യങ്ങൾ ആണ്. ആദ്യത്തേത് ജോലി ലഭിച്ചു കഴിഞ്ഞ് നിർധനരായ രോഗികളെ സഹായിക്കുക. ഒരു കാൻസർ രോഗിക്ക് പതിനായിരം രൂപ സഹായം നൽകിയ രസീത് തന്നെ ഏൽപ്പിക്കണം. രണ്ടാമത്തെ കാര്യം ജോലി ലഭിച്ച കമ്പനിയിൽ കൂടുതൽ ഒഴിവുകൾ ഉണ്ടാകുമ്പോൾ അറിയിക്കുക, ജോലി അന്വേഷിച്ചു നടക്കുന്ന പാവങ്ങൾക്ക് അത് ഉപകാരപ്പെടും.

ഇത്രയൊക്കെ ചെയ്യുന്നു എങ്കിലും ഈ മനുഷ്യൻ വലിയ ധനികൻ ഒന്നുമല്ല. ഒരു പഴയ പിക്കപ്പ് വാനും അടുത്തിടെ ആരംഭിച്ച ഒരു കഫ്റ്റീരിയയും മാത്രമാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. 2 സഹായികൾ ഉണ്ടെങ്കിലും പാചകവും താമസവും എല്ലാം ഒറ്റയ്ക്ക് തന്നെ.

സിജുവിന്റെ സേവനങ്ങൾ ഇവിടെ തീരുന്നില്ല. തന്റെ കഫ്റ്റീരിയയിൽ വിശന്നു വലഞ്ഞ് കയറിവരുന്ന ആർക്കും സൗജന്യമായി ആഹാരം നൽകുന്നു സിജു. കൂടാതെ ശമ്പളം മുടങ്ങിക്കിടക്കുന്ന ലേബർ ക്യാമ്പുകളിലേക്ക് ആഹാരം എത്തിക്കാനും ഇയാൾ മുന്നിൽ ഉണ്ട്.

എങ്ങനെയെങ്കിലും പണം ഉണ്ടാക്കാനായി നെട്ടോട്ടമോടുന്ന ഒരുപാട് മനുഷ്യർക്കിടയിൽ ചുറ്റുമുള്ളവർക്ക് കരുതലായി വ്യത്യസ്തനാവുകയാണ് ദുബായിയിൽ അഭയം ഇല്ലാതായിപ്പോകുന്നവർക്ക് ഏതുനേരവും ചെന്ന് ചേരാനാവുന്ന ഈ മനുഷ്യൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!