പ്രമുഖ ആഗോള ഡാറ്റാ വെബ്സൈറ്റായ നംബിയോയുടെ (Numbeo) 2026 മധ്യവർഷ റിപ്പോർട്ട് പ്രകാരം ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി യു.എ.ഇയിലെ അജ്മാൻ തിരഞ്ഞെടുക്കപ്പെട്ടു.
ആഗോള സുരക്ഷാ സൂചികയിൽ ആദ്യത്തെ നാല് സ്ഥാനങ്ങളും യു.എ.ഇയിലെ നഗരങ്ങളാണ് സ്വന്തമാക്കിയത്. അജ്മാൻ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ അബുദാബി രണ്ടും, റസൽഖൈമ മൂന്നും, ഷാർജ നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആഗോളതലത്തിൽ ദുബായ് ആറാം സ്ഥാനത്താണ്.
അജ്മാൻ പോലീസിന്റെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ, കൃത്യമായ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ, ജനങ്ങളുമായുള്ള സമ്പർക്കം, സ്മാർട്ട് സാങ്കേതികവിദ്യ എന്നിവയുടെ വിജയമാണ് ഈ അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി.
കൃത്രിമ ബുദ്ധി (AI), പ്രവചന സാങ്കേതികവിദ്യകൾ (Predictive technologies), ബിഗ് ഡാറ്റ അനലിറ്റിക്സ് എന്നിവ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ മാതൃകയാണ് അജ്മാൻ പോലീസ് നടപ്പിലാക്കിയിരിക്കുന്നത്.
കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ അത് മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന റിയൽ ടൈം അനലിറ്റിക്കൽ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ച സ്മാർട്ട് നിരീക്ഷണ സംവിധാനമാണ് ഇതിനായി സഹായിക്കുന്നത്.
വിനോദസഞ്ചാരികൾക്കായുള്ള പ്രത്യേക പട്രോളിംഗ്, അമാൻ (Aman) പട്രോളിംഗ്, കെട്ടിടങ്ങളുടെ സുരക്ഷാ പ്രോഗ്രാം, ലഹരിവിരുദ്ധ ഓപ്പറേഷനുകൾ, സ്മാർട്ട് ട്രാഫിക് നിയന്ത്രണം എന്നിവയാണ് അജ്മാനെ ലോകത്തിന്റെ സുരക്ഷിത നഗരമാക്കി മാറ്റിയതെന്ന് അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കി.






