അമേരിക്കയിലെ ലാസ് വെഗാസിന് ശേഷം ലോകത്തിൽ രണ്ടാമതായും മിഡിൽ ഈസ്റ്റിൽ ആദ്യമായും ഇലോൺ മസ്കിന്റെ ‘ദി ബോറിംഗ് കമ്പനി’ (TBC) ദുബായ് ആർ.ടി.എയുമായി (RTA) സഹകരിച്ച് നടപ്പിലാക്കുന്ന ഏകദിശാ ഭൂഗർഭ തുരങ്ക ശൃംഖലയായ ‘ദുബായ് ലൂപ്പ്’ (Dubai Loop) പദ്ധതിയുടെ നിർമ്മാണ ജോലികൾ ആരംഭിച്ചു. ടണലിനാവശ്യമായ പ്രീകാസ്റ്റ് കോൺക്രീറ്റ് നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഭീമാകാരമായ ടണൽ: പദ്ധതിയുടെ ഒന്നാം ഘട്ട തുരങ്കത്തിന് മാത്രം ഏകദേശം 10 കോടി പൗണ്ട് (4.5 കോടിയിലധികം കിലോഗ്രാം) ഭാരമുണ്ടാകും. ഇതിനായി 4,000 പൗണ്ട് വീതം ഭാരമുള്ള 25,000 കോൺക്രീറ്റ് പാളികളാണ് (Segments) ഉപയോഗിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 4 മൈൽ (6.4 കിലോമീറ്റർ) നീളത്തിൽ നിർമ്മിക്കുന്ന പാത ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിനെയും (DIFC) ദുബായ് മാളിനെയും തമ്മിൽ ബന്ധിപ്പിക്കും. ഇതിൽ ബുർജ് ഖലീഫ, ഡി.ഐ.എഫ്.സി 2, സാബീൽ ദുബായ് മാൾ പാർക്കിംഗ്, ഐ.സി.ഡി ബ്രൂക്ക്ഫീൽഡ് പ്ലേസ് എന്നീ 4 സ്റ്റേഷനുകളുണ്ടാകും. 600 മില്യൺ ദിർഹം ചെലവ് വരുന്ന ഈ ഘട്ടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും.
ഭാവി വികസനം (Full Route): രണ്ടാം ഘട്ടത്തിൽ ഈ പദ്ധതി 14 മൈൽ (22.5 കിലോമീറ്റർ) നീളത്തിലേക്കും 19 സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ഇത് ദുബായ് വേൾഡ് ട്രേഡ് സെന്റർ, ബിസിനസ്സ് ബേ എന്നിവയെയും ബന്ധിപ്പിക്കും. ഇതിന്റെ ആകെ നിർമ്മാണച്ചെലവ് 2.5 ബില്യൺ ദിർഹവും കാലാവധി 3 വർഷവുമാണ്.
യാത്രാസമയം കുറയും: സാധാരണ റോഡ് മാർഗ്ഗം 20 മിനിറ്റോളം എടുക്കുന്ന യാത്ര ഈ തുരങ്കത്തിലൂടെ വെറും 3 മിനിറ്റായി ചുരുങ്ങും.
യാത്രാ ശേഷി: ആദ്യ ഘട്ടത്തിൽ പ്രതിദിനം 13,000 യാത്രക്കാർക്കും പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിദിനം 30,000 യാത്രക്കാർക്കും ഇത് പ്രയോജനപ്പെടും. ഇത് നഗരത്തിലെ ട്രാഫിക് ബ്ലോക്ക് വൻതോതിൽ കുറയ്ക്കും.
പ്രത്യേകത: തുരങ്കങ്ങൾക്കുള്ളിലൂടെയുള്ള അതിവേഗ ടെസ്ല കാർ യാത്രയായതിനാലാണ് ഇതിനെ ‘ടെസ്ല ഇൻ ടണൽസ്’ എന്ന് വിളിക്കുന്നത്. നിലവിലുള്ള റോഡുകൾക്കോ ഭൂഗർഭ പൈപ്പ് ലൈനുകൾക്കോ യാതൊരു തടസ്സവും വരുത്താത്ത അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടണൽ നിർമ്മാണം.






