കുവൈറ്റ്, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ഖെഷ്ം ദ്വീപിലേക്ക് ശക്തമായ മിസൈലാക്രമണം നടത്തി അമേരിക്ക.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ തലത്തിലെത്തിയ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഗൾഫ് ദ്വീപായ ഖേഷ്മിന്റെ (Qeshm) വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച അമേരിക്ക ശക്തമായ മിസൈലാക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് (Fars news agency) പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് “ഖേഷ്മിന്റെ പരിസര പ്രദേശങ്ങളിൽ അമേരിക്കൻ മിസൈൽ ആക്രമണം” നടന്നതായി റിപ്പോർട്ട് ചെയ്തു.
മറ്റൊരു പ്രമുഖ മാധ്യമമായ തസ്നിം വാർത്താ ഏജൻസി (Tasnim news agency), ഖേഷ്മിന് ചുറ്റുമുള്ള പല കേന്ദ്രങ്ങളിലും “അമേരിക്കൻ ശത്രുക്കളുടെ പ്രൊജക്ടൈലുകൾ (Projectiles)” വന്ന് പതിച്ചതായി തങ്ങളുടെ ലേഖകരെ ഉദ്ധരിച്ച് സ്ഥിരീകരിച്ചു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന് തൊട്ടടുത്താണ് ഖേഷ്മ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലൂടെയുള്ള ഇന്ത്യൻ നാവികരുടെ യാത്ര കേന്ദ്ര സർക്കാർ വിലക്കിയതിനും, കുവൈറ്റ്, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതിനും തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ പുതിയ സൈനിക നീക്കം.






