ദുബായ് ആർ.ടി.എ (RTA) പ്രമുഖ സ്വയംനിയന്ത്രിത ഡ്രൈവിംഗ് പ്ലാറ്റ്‌ഫോമായ ‘അപ്പോളോ ഗോ’യുമായി (Apollo Go) സഹകരിച്ച് നടത്തുന്ന റോബോ ടാക്സി സേവനത്തിന് ഇനി മുതൽ 5 ദിർഹം മാത്രമായിരിക്കും നിരക്ക്. നേരത്തെ അപ്പോളോ ഗോ ആപ്പിൽ ഈ സേവനം തികച്ചും സൌജന്യമായിരുന്നു.
നിലവിൽ ദുബായിലെ ഉം സുഖീം (Umm Suqeim), ജുമൈറ (Jumeirah) എന്നീ രണ്ട് ജനപ്രിയ മേഖലകളിൽ മാത്രമാണ് ഈ ടാക്സികൾ സർവീസ് നടത്തുന്നത്. പ്രമുഖ കാർ റൈഡിംഗ് ആപ്പായ യുബറിലും (Uber) ഈ സേവനം പണം നൽകി ഉപയോഗിക്കാവുന്ന രീതിയിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹൈ-ഡെഫനിഷൻ ഡിജിറ്റൽ മാപ്പുകൾ, ഡീപ് ലേണിംഗ് അൽഗോരിതങ്ങൾ എന്നിവ സമന്വയിപ്പിച്ച സോഫ്റ്റ്‌വെയർ സംവിധാനത്തിലാണ് ഈ ടാക്സികൾ പ്രവർത്തിക്കുന്നത്. സിഗ്നലുകൾ, കവലകൾ, കാൽനടയാത്രക്കാർ, മറ്റ് വാഹനങ്ങൾ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി പാലിച്ചാണ് ഇവയുടെ സഞ്ചാരം.
ആഗോളതലത്തിൽ വിവിധ നഗരങ്ങളിലായി 15 കോടിയിലധികം കിലോമീറ്ററുകൾ സുരക്ഷിതമായി ഓടിയും, ഒരു കോടിയിലധികം സ്വയംനിയന്ത്രിത യാത്രകൾ വിജയകരമായി പൂർത്തിയാക്കിയുമുള്ള മികച്ച പ്രവർത്തന പാരമ്പര്യം ഈ ടാക്സി ഓപ്പറേറ്റർമാർക്കുണ്ട്.





