ഷാർജ: അത്ലറ്റിന്റെ വീട്ടിൽ നിന്നും മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ വിദേശത്തായിരുന്ന ഒരു അത്ലറ്റിന്റെ വീട്ടിൽ നിന്ന് ഏകദേശം 500,000 ദിർഹം വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതികളെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണ റിപ്പോർട്ട് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ാർജ പോലീസ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ മോഷ്ടിച്ച എല്ലാ വസ്തുക്കളും പോലീസ് കണ്ടെടുത്തു.
മോഷണ വിവരം അറിഞ്ഞയുടൻ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതികളെ കണ്ടെത്തുകയും ചെയ്തു. അതേസമയം, വിദേശ യാത്ര ചെയ്യുന്നവർക്ക് ഉൾപ്പെടെ എമിറേറ്റിലുടനീളം സുരക്ഷ നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഷാർജ പോലീസ് പറഞ്ഞു. താമസക്കാരെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുന്നതാണ് തങ്ങളുടെ മുൻഗണനയെന്നും പോലീസ് വ്യക്തമാക്കി. ജനങ്ങൾ യാത്രകൾ പോകുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകി. വാതിലുകളും ജനലുകളും സുരക്ഷിതമാക്കുക, നിരീക്ഷണ, അലാറം സംവിധാനങ്ങൾ ഉപയോഗിക്കുക, യാത്രാ പദ്ധതികൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ മുന്നോട്ടുവെയ്ക്കുന്നത്.





