യുഎഇയിൽ വേനലവധി അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോൾ, യുവാക്കളുടെ അപകടകരമായ പ്രവർത്തനങ്ങൾ തടയുന്നതിനായി കളത്തിലിറങ്ങിയുള്ള പരിശോധന ശക്തമാക്കി ഫുജൈറ പോലീസ്. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് മസാഫി കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ പ്രത്യേക ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ്, സംഘം ചേർന്നുള്ള കൂട്ടായ്മകൾ, പൊതുനിരത്തുകളിലെ അപകടകരമായ സ്റ്റണ്ടുകൾ എന്നിവ തടയാനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
വേനലവധിക്ക് സാധാരണയായി വർദ്ധിച്ചുവരുന്ന നിയമവിരുദ്ധവും ശല്യമുണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാത്രി വൈകിയും കൗമാരക്കാർ പൊതുനിരത്തുകളിലും റസിഡൻഷ്യൽ മേഖലകളിലും തടിച്ചുകൂടുന്നത്, സ്റ്റണ്ട് ഡ്രൈവിംഗ് നടത്തുന്നത്, ബഹളമുണ്ടാക്കുന്നത് എന്നിവയ്ക്കെതിരെ നാട്ടുകാരിൽ നിന്ന് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
നീണ്ട അവധിക്കാലം വിദ്യാർത്ഥികൾക്ക് വിശ്രമം നൽകുന്നതാണെങ്കിലും, മുതിർന്നവരുടെ മേൽനോട്ടമില്ലാത്ത ഇത്തരം സമയങ്ങൾ പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
റസിഡൻഷ്യൽ മേഖലകളിലും ബൈപാസ് റോഡുകളിലും രാത്രി വൈകിയുള്ള ഇത്തരം കൂട്ടായ്മകൾ വലിയ തോതിലുള്ള ശബ്ദമലിനീകരണത്തിനും പൊതുമുതലുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും ജീവന് ഭീഷണിയാകുന്ന സ്ട്രീറ്റ് റേസിംഗുകൾക്കും കാരണമാകുന്നു,” മുതിർന്ന ഫുജൈറ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പൊതുജനങ്ങളുടെ പരാതികൾക്കുള്ള നേരിട്ടുള്ള മറുപടിയാണ് ഈ ക്യാമ്പയിൻ. അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ജനവാസ മേഖലകളിൽ സമാധാനവും സുരക്ഷിതത്വവും തിരികെ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം.”
പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, പട്രോളിംഗ് സംഘങ്ങൾ ഇത്തരം സംഘം ചേരലുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഗതാഗത നിയമങ്ങൾ, വേഗത പരിധി, സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ എന്നിവ യാതൊരു ഇളവുകളുമില്ലാതെ നടപ്പിലാക്കും. സ്റ്റണ്ട് ഡ്രൈവിംഗ്, ലൈസൻസില്ലാത്ത ഡ്രൈവിംഗ്, മറ്റ് യാത്രക്കാരെ അപകടത്തിലാക്കുന്ന രീതിയിലുള്ള വാഹനമോടിക്കൽ എന്നിവയോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.
അവധിക്കാലത്ത് യുവാക്കൾ ചെയ്യുന്ന ഇത്തരം തെറ്റായ കാര്യങ്ങൾ പോലീസിന് മാത്രം തടയാൻ കഴിയില്ലെന്നും, കുടുംബങ്ങൾ വീട്ടിൽ തന്നെ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ഫുജൈറ പോലീസ് ഓർമ്മിപ്പിച്ചു.
“റോഡുകളിലെ അപകടകരമായ പെരുമാറ്റങ്ങൾ തടയുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തത്തിൽ നിന്നാണ് ആരംഭിക്കുന്നത്,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. “ലൈസൻസില്ലാത്ത കൗമാരക്കാർക്ക് വാഹനത്തിന്റെ താക്കോൽ നൽകരുതെന്നും രാത്രി വൈകിയുള്ള പ്രവർത്തനങ്ങൾക്ക് കണ്ണടയ്ക്കരുതെന്നും ഞങ്ങൾ രക്ഷിതാക്കളോട് ശക്തമായി ആവശ്യപ്പെടുന്നു. വീട്ടിൽ കൃത്യമായ അതിരുകൾ നിശ്ചയിച്ച് റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിലൂടെ, സമൂഹത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ മാതാപിതാക്കൾക്ക് പ്രധാന പങ്ക് വഹിക്കാനാകും.”
രാത്രി വൈകിയുള്ള സംശയകരമായ കൂട്ടായ്മകൾ, നിയമവിരുദ്ധമായ സ്ട്രീറ്റ് റേസിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക പോലീസ് ചാനലുകൾ വഴി അറിയിക്കണമെന്ന് ഫുജൈറ പോലീസ് നിവാസികളോട് അഭ്യർത്ഥിച്ചു.





