അരനൂറ്റാണ്ടുപിന്നിട്ട പ്രൗഢിയോടെ ദുബായുടെ ചരിത്രത്തിൽ പകിട്ടും പത്രാസും കൊണ്ട് മേൽവിലാസമാർജിച്ച ടൊയോട്ട ബിൽഡിങ് ഒടുവിൽ ചരിത്രത്തിലേക്ക് പിൻവാങ്ങുകയാണ്. മലയാളികൾ ഉൾപ്പെടെ ഒരുപാട് പ്രവാസികളുടെ ഹൃദയചിത്രങ്ങളിൽ മായാതെ നിൽക്കുന്ന ആ കെട്ടിടം പൊളിച്ചുമാറ്റാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി കെട്ടിടത്തിലെ എഴുപത് ശതമാനം താമസക്കാരെയും ഒഴിപ്പിച്ചു.
തലമുറകളുടെ മനസ്സിൽ ദുബൈയുടെ പാർപ്പിട സ്വപ്‌നങ്ങളുടെ ആകാശക്കോട്ട പണിത ടൊയോട്ട ബിൽഡിങ് സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുമാറ്റുകയാണെന്നാണ് ഉടമകളായ നാസർ റാശിദ് ലൂത്താ ഗ്രൂപ് പറയുന്നത്. ബുർജ് ഖലീഫ പോലെ അംബരചുംബികളായ കൂറ്റൻ കെട്ടിടങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് 65 മീറ്റർ ഉയരത്തിൽ 15 നിലകളോടെ ഒറ്റയാന്റെ തലയെടുപ്പുമായി നിലയുറപ്പിച്ച ടൊയോട്ട ബിൽഡിങ് ദുബൈയുടെ കൊടിയടയാളമായിരുന്നു.
ശൈഖ് സായിദ് റോഡിൽ 1974ൽ നിർമാണം പൂർത്തിയായ കെട്ടിത്തിൻ്റെ ഔദ്യോഗികനാമം നാസർ റാശിദ് ലൂത്ത ബിൽഡിങ് എന്നായിരുന്നു. യു.എ.ഇ എന്ന രാജ്യം സ്ഥാപിതമായി മൂന്നു വർഷങ്ങൾക്കുശേഷമാണ് അന്നത്തെ വമ്പൻ കെട്ടിടങ്ങളിലൊന്നായ ടൊയോട്ട ബിൽഡിങ് ഉയർന്നത്. എന്നാൽ, 1981ൽ ആ കെട്ടിടത്തിനു മുകളിലേറിയ ചുവന്ന അക്ഷരങ്ങളിലുള്ള ടൊയോട്ട പരസ്യ ബോർഡ് ആണ് യഥാർഥ പേരിനെയൊക്കെ മറവിയിലേക്ക് തള്ളി കെട്ടിടത്തിന് ഗൃഹാതുരത്വമൂറുന്ന ടൊയോട്ട ബിൽഡിങ് എന്ന പേര് ചാർത്തിക്കൊടുത്തത്.
കാലാവധി കഴിഞ്ഞതോടെ 2018ൽ ടൊയോട്ടയുടെ പരസ്യ ബോർഡ് പടിയിറങ്ങിയത് ആ അക്ഷരങ്ങൾ എക്കാലത്തേക്കുമായി കെട്ടിടത്തിലും പിന്നെ ജനമനസ്സുകളിലും പതിപ്പിച്ചുകൊണ്ടായിരുന്നു.





