ഫ്ലൈദുബായ് (flydubai) FZ1073 വിമാനത്തിലുണ്ടായ സുരക്ഷാ സംഭവത്തിൽ ഔദ്യോഗിക പ്രതികരണവുമായി എയർലൈൻ സി.ഇ.ഒ ഗെയ്ത് അൽ ഗെയ്ത് രംഗത്ത്. വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ച ക്രൂ അംഗങ്ങൾക്കും പൈലറ്റുമാർക്കും പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച യാത്രക്കാർക്കും ഫ്ലൈദുബായ് സി.ഇ.ഒ ഗെയ്ത് അൽ ഗെയ്ത് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.
ചികിത്സയ്ക്ക് ശേഷം മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യുഎഇയിൽ തിരിച്ചെത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
അധികാരികളുടെ നിർദ്ദേശപ്രകാരം ദുബായ് – ടെൽ അവീവ് റൂട്ടിലെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ബാധിച്ച യാത്രക്കാരെ സഹായിക്കാൻ എയർലൈൻ ടീമുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.
സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെന്നും, ഫ്ലൈദുബായ് ഇതിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി. യു.എ.ഇ അറ്റോർണി ജനറലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.
വിമാനം അടിയന്തരമായി ലാൻഡ് ചെയ്തപ്പോൾ സമയബന്ധിതവും പ്രൊഫഷണലുമായ സഹായം നൽകിയ സൗദി അറേബ്യൻ അധികൃതർക്കും, യാത്രക്കാരെയും ക്രൂവിനെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ച യു.എ.ഇ ഭരണകൂടത്തിനും സി.ഇ.ഒ നന്ദി അറിയിച്ചു.






