വേനൽച്ചൂടിൽ റോഡുകളിൽ ദീർഘനേരം ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാർക്ക് പിന്തുണയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ദുബായ് എമിറേറ്റിലുടനീളമുള്ള താൽക്കാലിക വിശ്രമകേന്ദ്രങ്ങളിൽ വെച്ച് ഇവർക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്തു.
ഡെലിവറൂ (Deliveroo)-മായി സഹകരിച്ച് യു.എ.ഇ ഫുഡ് ബാങ്ക് നൽകിയ ഭക്ഷണമാണ് ബസ്, മെട്രോ സ്റ്റേഷനുകളിലെ 23 കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തത്.
ഡെലിവറി മേഖല വ്യാപിച്ച് കൊണ്ടിരിക്കുമ്പോൾ, ദുബായിലെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയ ഡെലിവറി റൈഡർമാരുടെ സേവനങ്ങളെ ആദരിക്കുന്നതിനാണ് ഈ പദ്ധതി സംഘടിപ്പിച്ചത്.
ബസ്, മെട്രോ സ്റ്റേഷനുകളിൽ ഭക്ഷണം ലഭിക്കും
ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള നിർദ്ദിഷ്ട വിശ്രമകേന്ദ്രങ്ങളിൽ പ്രതിദിനം ഭക്ഷണ വിതരണം നടന്നു. ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, അൽ ജാഫിലിയ ബസ് സ്റ്റേഷൻ, അൽ ഖുസൈസ് ബസ് സ്റ്റേഷൻ, അൽ കരാമ ബസ് സ്റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അൽ റാഷിദിയ, അൽ ഫുർജാൻ, ഡി.എം.സി.സി (DMCC), ബർജുമാൻ, ഇബ്ൻ ബത്തൂത്ത, e& തുടങ്ങിയ നിരവധി മെട്രോ സ്റ്റേഷനുകളും ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
ഡെലിവറി റൈഡർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് ആർ.ടി.എ നൽകുന്ന പിന്തുണയുടെ പ്രതിഫലനമാണ് ഈ സംരംഭമെന്ന് ആർ.ടി.എ ലൈസൻസിംഗ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.
വേനൽക്കാലത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ ചൂടുമായി ബന്ധപ്പെട്ട അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കുന്ന ‘മിഡ്ഡേ ബ്രേക്ക്’ (Midday Break) പദ്ധതിയെ പിന്തുണയ്ക്കുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) നിർദ്ദേശപ്രകാരം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലി തടഞ്ഞിട്ടുണ്ട്.





