മോശം കാലാവസ്ഥയെ തുടർന്ന് മുൻകരുതൽ നടപടിയായി താൽക്കാലികമായി അടച്ചിട്ടിരുന്ന പാർക്കുകളും വിനോദ കേന്ദ്രങ്ങളും അഫിലിയേറ്റഡ് ബീച്ചുകളും വീണ്ടും തുറന്നതായി അബുദാബി സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു.
കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കിയതെന്ന് അബുദാബി സിറ്റി മുൻസിപ്പാലിറ്റി വ്യക്തമാക്കി.
അബുദാബിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വെള്ളിയാഴ്ചയാണ് മുൻസിപ്പാലിറ്റി ഈ കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവിട്ടത്. ഇതിനോടനുബന്ധിച്ചുള്ള പരിപാടികളും നിർത്തിവെച്ചിരുന്നു.
ആഴ്ചകൾ നീണ്ട കടുത്ത ചൂടിന് ശേഷം, ഈ വേനൽക്കാലത്ത് അബുദാബിയിൽ ആദ്യമായി ലഭിച്ച ഇടിമിന്നലോടു കൂടിയ മഴയെ തുടർന്നായിരുന്നു മുൻകരുതൽ നടപടി.
നിർദ്ദിഷ്ട ബീച്ചുകൾ മാത്രം ഉപയോഗിക്കുക
പൊതുജനങ്ങളും സന്ദർശകരും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും, അംഗീകൃത സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് നിർദ്ദിഷ്ട ബീച്ചുകളിൽ (designated beaches) മാത്രം നീന്തണമെന്നും മുൻസിപ്പാലിറ്റി അഭ്യർത്ഥിച്ചു.





