ഷാർജ: വേൾഡ് ട്രാവൽ അവാർഡ്സ് 2026-ൽ ഷാർജ നിക്ഷേപവികസന അതോറിറ്റിക്ക് (ഷുറൂഖ്) നാല് പുരസ്കാരങ്ങൾ. മെലീഹ നാഷണൽ പാർക്ക് ‘മിഡിൽ ഈസ്റ്റ്സ് ലീഡിങ് നാഷണൽ പാർക്ക് 2026’ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ചെഡി അൽ ബെയ്ത്ത് ഷാർജ ‘മിഡിൽ ഈസ്റ്റ്സ് ലീഡിങ് ബുട്ടീക് റിസോർട്ട്’, ‘ഷാർജാസ് ലീഡിങ് റിസോർട്ട്’ എന്നീ പുരസ്കാരങ്ങൾ നേടി. ചെഡി ഗ്രാൻഡ് സ്യൂട്ട് തുടർച്ചയായ ഏഴാം വർഷവും ‘ഷാർജാസ് ലീഡിങ് ഹോട്ടൽ സ്യൂട്ട്’ പുരസ്കാരം സ്വന്തമാക്കി.
മിഡിൽ ഈസ്റ്റിലെ മികച്ച ദേശീയോദ്യാനത്തിനുള്ള പുരസ്കാരമാണ് മെലീഹ നാഷണൽ പാർക്കിന് ലഭിച്ചത്. സൗദി അറേബ്യ, ഒമാൻ, ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ദേശീയോദ്യാനങ്ങളോട് മത്സരിച്ചാണ് മെലീഹ ഈ നേട്ടം സ്വന്തമാക്കിയത്. അന്തിമ പട്ടികയിൽ യു.എ.ഇ.യിൽനിന്നുള്ള ഏക സാന്നിധ്യവും മെലീഹ നാഷണൽ പാർക്കായിരുന്നു.
പൈതൃകം, മരുഭൂമിയുടെ പ്രകൃതിസവിശേഷതകൾ, സംരക്ഷണം, വാനനിരീക്ഷണം, സാഹസിക അനുഭവങ്ങൾ എന്നിവ സമന്വയിപ്പിച്ച വിനോദസഞ്ചാര കേന്ദ്രമാണ് മെലീഹ. 2,10,000 വർഷത്തിലേറെ നീളുന്ന മനുഷ്യചരിത്രത്തിന്റെ അടയാളങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഫായ പാലിയോലാൻഡ്‌സ്‌കേപ്പിലാണ് മെലീഹ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്.
വേൾഡ് ട്രാവൽ അവാർഡിൽ മെലീഹയ്ക്ക് നേരത്തെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. മെലീഹ ആർക്കിയോളജിക്കൽ ആൻഡ് ഇക്കോ ടൂറിസം പ്രോജക്ട് 2019-ലും 2020-ലും ‘മിഡിൽ ഈസ്റ്റ്സ് ലീഡിങ് സസ്റ്റെയിനബിൾ ടൂറിസം ഇനിഷ്യേറ്റീവ്’ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഷാർജയുടെ ചരിത്രമേഖലയായ ഹാർട്ട് ഓഫ് ഷാർജയിൽ സ്ഥിതിചെയ്യുന്ന ചെഡി അൽ ബെയ്ത്ത് ഇത്തവണ രണ്ട് പുരസ്കാരങ്ങളാണ് നേടിയത്. നൂറിലേറെ വർഷം പഴക്കമുള്ള, പ്രമുഖ എമിറാത്തി കുടുംബങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അഞ്ച് വീടുകൾ പുനരുദ്ധരിച്ചാണ് 65 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ ഒരുക്കിയത്. പരമ്പരാഗത എമിറാത്തി വാസ്തുശൈലിയും സാംസ്കാരിക സ്വഭാവവും നിലനിർത്തിക്കൊണ്ടായിരുന്നു പുനരുദ്ധാരണം.
ഷാർജയുടെ ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വമായ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മിദ്ഫയുടെ വീടും ഈ സമുച്ചയത്തിന്റെ ഭാഗമാണ്. ഷാർജയുടെ ചരിത്രവും അൽ മിദ്ഫയുടെ സംഭാവനകളും പരിചയപ്പെടുത്തുന്ന മ്യൂസിയവും ലൈബ്രറിയുമാണ് ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്നത്.
‘ഷാർജാസ് ലീഡിങ് റിസോർട്ട്’ പുരസ്കാരം ചെഡി അൽ ബെയ്ത്ത് തുടർച്ചയായ നാലാം വർഷമാണ് നേടുന്നത്. 2023, 2024, 2025 വർഷങ്ങളിലും ഇതേ പുരസ്കാരം ലഭിച്ചിരുന്നു. ചെഡി ഗ്രാൻഡ് സ്യൂട്ട് 2020 മുതൽ തുടർച്ചയായി ഏഴാം വർഷവും ‘ഷാർജാസ് ലീഡിങ് ഹോട്ടൽ സ്യൂട്ട്’ പുരസ്കാരം നിലനിർത്തി.
“ഷാർജയുടെ വിനോദസഞ്ചാര മേഖലയുടെ വൈവിധ്യത്തെയാണ് ഈ അംഗീകാരങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ അടിസ്ഥാനമാക്കിയാണ് ഷുറൂഖിന്റെ വികസന സമീപനം. മെലീഹയിൽ പ്രകൃതിസംരക്ഷണത്തിനും ചരിത്രസംരക്ഷണത്തിനും അവയെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിനുമാണ് പ്രാധാന്യം. ചെഡി അൽ ബെയ്ത്തിൽ ഷാർജയുടെ പൈതൃകവും നഗരസ്വഭാവവും സംരക്ഷിക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. ഷാർജയുടെ ഇന്നലകളെ ഏറ്റവും മികച്ച സൗകര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ അടുത്തറിയാനാവും. ഇങ്ങനെ, ഷാർജയുടെ തനത് വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഷുറൂഖിന്റെ സമീപനത്തിനുള്ള അംഗീകാരമായിട്ടാണ് ഞങ്ങൾ ഈ അവാർഡിനെ കണക്കാക്കുന്നത്.” ഷുറൂഖ് സി.ഇ.ഒ. അഹമ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു.
യാത്ര, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിന് അംഗീകാരം നൽകുന്നതിനായി 1993-ലാണ് വേൾഡ് ട്രാവൽ അവാർഡ്സ് ആരംഭിച്ചത്. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.






