ദുബായിലെ പ്രശസ്തമായ അൽ മംസാർ (Al Mamzar) തീരത്ത് വെച്ച് ഈ നവംബറിൽ ആഗോള കായിക മാമാങ്കമായ ‘ദുബായ് T100 ട്രയാത്ത്ലൺ’ (Dubai T100 Triathlon) അരങ്ങേറുന്നു. 57 രാജ്യങ്ങളിൽ നിന്നായി 2,000-ത്തിലധികം കായികതാരങ്ങളാണ് നവംബർ 13 മുതൽ 15 വരെ നടക്കുന്ന ഈ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
‘T100 റെയ്സ് ടു ഖത്തർ’ പരമ്പര അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വേദി ഇവിടേക്ക് മാറ്റിയത്.പുതുക്കിയ മത്സരക്രമം അനുസരിച്ച് ഇത്തവണ പ്രൊഫഷണൽ വിഭാഗത്തിൽ ലോകത്തെ മുൻനിരക്കാരായ 20 വനിതാ ട്രയാത്ത്ലൺ താരങ്ങൾ മാത്രമാണ് ദുബായിൽ മത്സരിക്കുക.
അമച്വർ വിഭാഗത്തിൽ ആദ്യമായി ഒളിമ്പിക്സ് ദൂരത്തിലുള്ള ട്രയാത്ത്ലൺ (1.5 കി.മീ നീന്തൽ, 40 കി.മീ സൈക്ലിംഗ്, 10 കി.മീ ഓട്ടം) ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റിലേ മത്സരങ്ങളും ഉണ്ടായിരിക്കും.
മറ്റ് പ്രധാന മത്സര വിഭാഗങ്ങൾ:
സ്പ്രിന്റ് (Sprint): 750 മീറ്റർ നീന്തൽ, 20 കി.മീ സൈക്ലിംഗ്, 5 കി.മീ ഓട്ടം.
100-കിലോമീറ്റർ റേസ്: 2 കി.മീ നീന്തൽ, 80 കി.മീ സൈക്ലിംഗ്, 18 കി.മീ ഓട്ടം.
ഖത്തർ ഫൈനൽ: പ്രൊഫഷണൽ പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനൽ പോരാട്ടങ്ങൾ ഡിസംബർ 10 മുതൽ 12 വരെ ഖത്തറിൽ നടക്കുന്ന ‘T100 ട്രയാത്ത്ലൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ’ നടക്കും.






