യുഎഇയിലെ ചില വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി പുതിയ കർശന മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. സ്കൂൾ പരിസരങ്ങളിൽ വെച്ച് രക്ഷിതാക്കൾ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതിനും, മറ്റ് കുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ വാട്സാപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെക്കുന്നതിനുമാണ് ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ വിവിധ വിദ്യാലയങ്ങൾ ആണ് ഈ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ജിംസ് ഗ്രൂപ്പ് സ്കൂളുകൾ ഉൾപ്പെടെയുള്ള പ്രമുഖ സ്വകാര്യ വിദ്യാലയങ്ങളാണ് രക്ഷിതാക്കൾക്ക് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ക്ലാസ് മുറികൾ, ഇടനാഴികൾ, കളിസ്ഥലങ്ങൾ, സ്കൂൾ അസംബ്ലികൾ, കുട്ടികളെ വാഹനങ്ങളിൽ കയറ്റിവിടുന്നതും ഇറക്കുന്നതുമായ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ സ്കൂൾ പരിസരങ്ങളിൽ ഫോട്ടോയോ വീഡിയോയോ പകർത്താൻ പാടില്ല.
മറ്റ് കുട്ടികളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ രക്ഷിതാക്കളുടെ അനുമതിയില്ലാതെ വാട്സാപ്പ് ഗ്രൂപ്പുകളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. മുൻപ് എടുത്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും ഇതിൽ വിലക്കുണ്ട്.
യു.എ.ഇയുടെ സ്വകാര്യതാനിയമങ്ങളുടെയും കുട്ടികളുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്കൂളുകൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്കൂൾ പരിപാടികളുടെ ചിത്രങ്ങൾ പകർത്താൻ അംഗീകൃത ഫോട്ടോഗ്രാഫർമാരെ മാത്രമായിരിക്കും ഇനി മുതൽ ചുമതലപ്പെടുത്തുക.






