യൂണിവേഴ്സിറ്റി സിറ്റിയിൽ അത്യാധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ ഷാർജ എജ്യുക്കേഷൻ അക്കാദമിയുടെ പുതിയ കെട്ടിടം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത ക്ലാസ് മുറികൾക്കപ്പുറം പഠനം, ഗവേഷണം, പ്രൊഫഷണൽ വികസനം എന്നിവ സമന്വയിപ്പിക്കുന്ന സമഗ്രമായ അക്കാദമിക് അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നൂതനാശയങ്ങളെയും കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ കഴിവുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം.
ഉദ്ഘാടനത്തിന് ശേഷം കെട്ടിടം സന്ദർശിച്ച ശൈഖ് സുൽത്താൻ അവിടെ ഒരുക്കിയിട്ടുള്ള വിവിധ വിദ്യാഭ്യാസ, ഗവേഷണ, സേവന സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക ഇടങ്ങളും വിലയിരുത്തി.






