ദുബായ് മിറാക്കിൾ ഗാർഡൻ ഇന്നലെ ഒക്ടോബർ 8 വ്യാഴാഴ്ച മുതൽ പുതിയ സീസണിനായി സന്ദർശകർക്കായി തുറന്നുകൊടുത്തു. ‘പതിനഞ്ച് വർഷങ്ങൾ, ഒന്നിച്ചു വിടരാം’ (‘Fifteen Years, Blooming Together’) എന്ന തീമിലാണ് മിറാക്കിൾ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്‌യാൻ പുതിയ സീസൺ ഉദ്ഘാടനം ചെയ്തത്.
പുതിയ സീസൺ 2027 മെയ് 31 വരെ നീണ്ടുനിൽക്കും. ഇത്തവണ ഓരോ ആഴ്ചയിലും പുതിയ തീമുകളും പരിപാടികളുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
യു.എ.ഇയുടെ ദേശീയ-സാംസ്കാരിക ദിനങ്ങൾക്കനുസൃതമായി പിങ്ക് ഒക്ടോബർ, ഐക്യരാഷ്ട്രസഭാ ദിനം, യു.എ.ഇ ഫ്ലാഗ് ഡേ, ദീപാവലി, അനുസ്മരണ ദിനം (Commemoration Day), ഈദ് അൽ ഇത്തിഹാദ് എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
തത്സമയ സംഗീത പരിപാടികൾ, കുടുംബങ്ങൾക്കായുള്ള വിനോദങ്ങൾ, ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകും.
കഴിഞ്ഞ 15 സീസണുകളായി ദുബായിലെ കുടുംബങ്ങളും താമസക്കാരും നൽകിയ പിന്തുണയ്ക്കുള്ള സമർപ്പണമാണ് ഈ പുതിയ സീസണെന്ന് ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ഷെയ്ഖ് തിയാബ് വ്യക്തമാക്കി.






