ഗുണനിലവാരമില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) യു.എ.ഇയിൽ നിശ്ചിത ബാച്ചിലുള്ള ഫെയ്സ് മാസ്കുകൾ തിരിച്ചുവിളിക്കാൻ (Recall) ഉത്തരവിട്ടു. ‘Nin 160 FMB-NML’ ബ്ലൂ ത്രീ-പ്ലൈ ഫെയ്സ് മാസ്കിന്റെ ബാച്ചാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ സർക്കുലർ ചൂണ്ടിക്കാട്ടി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ദുബായിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാധിക്കപ്പെട്ട ബാച്ചിലുള്ള മുഴുവൻ മാസ്കുകളും യു.എ.ഇ വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാനും, ശേഷിക്കുന്ന സ്റ്റോക്കുകൾ മാറ്റിപ്പാർപ്പിച്ച് (Quarantine) വെക്കാനും പ്രാദേശിക വിതരണക്കാരോട് ഇ.ഡി.ഇ ആവശ്യപ്പെട്ടു.
വിതരണം പൂർണ്ണമായി നിർത്തിവെക്കാനും, ഇറക്കുമതി ചെയ്തതും വിതരണം ചെയ്തതും തിരിച്ചെടുത്തതുമായ മാസ്കുകളുടെ കൃത്യമായ വിവരങ്ങളും വിതരണ കേന്ദ്രങ്ങളുടെ ലിസ്റ്റും ഇ.ഡി.ഇക്ക് സമർപ്പിക്കാനും കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.






