സ്വയം ഓടിക്കുന്ന (Autonomous) ടാക്സികളുടെ റോഡ് പരിശോധനയുടെ ഭാഗമായി ദുബായിലെ പ്രധാന പാതയിലെ ഏതാനും ലൈനുകളും അൽ മക്തൂം എയർപോർട്ട് ടണലും താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന സമയവും തീയതിയും: ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ഒക്ടോബർ 31 ശനിയാഴ്ച വരെ, ദിവസവും രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെയാണ് നിയന്ത്രണം.
അടച്ചിടുന്ന പാതകൾ: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള എമിറേറ്റ്സ് റോഡിലെ (E611) മൂന്ന് ലൈനുകൾ.
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് ടണൽ ഇരുദിശകളിലേക്കും പൂർണ്ണമായി അടയ്ക്കും.
യാത്രക്കാർക്കുള്ള നിർദ്ദേശം: ഗതാഗത തടസ്സം ഒഴിവാക്കാൻ ഡ്രൈവർമാർ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും റോഡുകളിലെ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണമെന്നും RTA ആവശ്യപ്പെട്ടു.
അടുത്ത വർഷത്തോടെ രാജ്യത്ത് പതിനായിരത്തിലധികം ഓട്ടോണമസ് ടാക്സികളും ഡെലിവറി വാനുകളും നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ. നിലവിൽ അബുദാബിയിലെ യാസ് ഐലൻഡിലും ദുബായിലെ ജുമൈറ, ഉമ്മു സുഖീം മേഖലകളിലും ഡ്രൈവർരഹിത ടാക്സി സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്.





