സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പ്രമുഖരെയും വ്യാജ ഫോട്ടോ ഫിൽട്ടറുകൾ (Photo filters) വഴി കുടുക്കി ബ്ലാക്ക്‌മെയിൽ ചെയ്തിരുന്ന പ്രൊഫഷണൽ സൈബർ ക്രിമിനൽ സംഘത്തെ ഷാർജ പോലീസ് വിജയകരമായി പിടികൂടി. 14 രാജ്യങ്ങളിലായി പടർന്നുകിടന്ന ഈ വലിയ ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ ഒരു ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വലയിലാക്കിയത്.
ഇൻഫ്ലുവൻസർമാരുടെയും പ്രമുഖരുടെയും സ്വകാര്യ ചിത്രങ്ങളും അക്കൗണ്ട് വിവരങ്ങളും ചോർത്താൻ സംഘം വ്യാജ ഫോട്ടോ ഫിൽട്ടറുകൾ ഉപയോഗിച്ചു. തുടർന്ന് ഈ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ചിത്രങ്ങൾ ചോർത്തിയ ശേഷം അക്കൗണ്ട് സുരക്ഷിതമാക്കാനും വിവരങ്ങൾ വീണ്ടെടുക്കാനും വ്യാജ റിക്കവറി സേവനങ്ങൾ (Account recovery services) വാഗ്ദാനം ചെയ്തും ഇവരിൽ നിന്ന് സംഘം വൻതുക ഈടാക്കി പോന്നു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും വനിതാ ഇൻഫ്ലുവൻസർമാരാണെന്ന് ഷാർജ പോലീസ് വ്യക്തമാക്കി.
ഷാർജ ടിവിയിലെ ‘അൽ ശൂർത്തി’ പ്രോഗ്രാമിൽ സംസാരിക്കവെ, ഡിജിറ്റൽ ഫോറൻസിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അന്താരാഷ്ട്ര പോലീസ് ഏജൻസികളുടെ സഹകരണം എന്നിവ പ്രയോജനപ്പെടുത്തിയാണ് 14 രാജ്യങ്ങളിൽ പടർന്ന ശൃംഖലയെ കണ്ടെത്തിയതെന്ന് ഷാർജ പോലീസ് ഡിജിറ്റൽ ക്രൈംസ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ സഖർ അഹമ്മദ് വ്യക്തമാക്കി.
തട്ടിപ്പിനിരയായ ഒരു വ്യക്തി ഷാർജ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വിപുലമായ ഈ സൈബർ ശൃംഖലയെ തകർത്തത്.






