അബുദാബി: കുടുംബങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഹോം സെക്യൂരിറ്റി ക്യാമറകൾ ചാരവൃത്തി ഉപകരണങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ വിദഗ്ധർ. ഹാക്കർമാരോ അനധികൃത വ്യക്തികളോ തത്സമയ ദൃശ്യങ്ങൾ കാണാനും, റെക്കോർഡിംഗുകൾ ആക്സസ് ചെയ്യാനും, താമസക്കാർ അറിയാതെ തന്നെ വീട്ടിലെ ദിനചര്യകൾ നിരീക്ഷിക്കാനും അനുവദിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദുർബലമായ പാസ്വേഡുകൾ, അപ്ഡേറ്റ് ചെയ്യാത്ത സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്വർക്കുകൾ എന്നിവയിലൂടെയാണ് യുഎഇയിലെ ഹോം സെക്യൂരിറ്റി ക്യാമറകളിൽ കുടുംബങ്ങൾ അറിയാതെ ഹാക്കർമാർക്ക് ചാരപ്പണി നടത്താൻ കഴിയുന്നത്. ദുബായ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ സ്മാർട്ട് ഹോം സംവിധാനങ്ങൾ വ്യാപകമാകുമ്പോൾ, കൃത്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഈ ക്യാമറകൾ ഹാക്കർമാരുടെ എളുപ്പവഴിയായി മാറും. മറ്റൊരാൾക്ക് തങ്ങളുടെ ക്യാമറകളിലേക്ക് ആക്സസ് ഉണ്ടെന്ന് വീട്ടുടമസ്ഥർ ഒരിക്കലും ശ്രദ്ധിച്ചേക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹാക്കർമാർ ക്യാമറകൾ ഹാക്ക് ചെയ്യുന്നത് എങ്ങനെ?
ഡിഫോൾട്ട് പാസ്വേഡുകൾ ഉപയോഗിക്കുന്നത്: ക്യാമറ വാങ്ങുമ്പോൾ കമ്പനി നൽകുന്ന സാധാരണ പാസ്വേഡുകൾ (ഉദാഹരണത്തിന്: admin, 12345) പലരും മാറ്റാറില്ല. ഹാക്കർമാർക്ക് ഇത്തരം പൊതുവായ പാസ്വേഡുകൾ എളുപ്പത്തിൽ കണ്ടെത്താനാകും.
പഴയ സോഫ്റ്റ്വെയർ (Firmware): ക്യാമറ കമ്പനികൾ സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ നൽകുന്ന ‘അപ്ഡേറ്റുകൾ’ കൃത്യസമയത്ത് ചെയ്യാതിരിക്കുമ്പോൾ, ഹാക്കർമാർ ആ സുരക്ഷാ വീഴ്ചകൾ മുതലെടുക്കുന്നു.
സുരക്ഷിതമല്ലാത്ത വൈഫൈ: വീടുകളിലെ വൈഫൈ റൂട്ടറിന്റെ പാസ്വേഡ് ദുർബലമാണെങ്കിൽ, ഹാക്കർമാർക്ക് വൈഫൈ വഴി ക്യാമറയുടെ നിയന്ത്രണം കൈക്കലാക്കാൻ സാധിക്കും.
ക്ലൗഡ് അക്കൗണ്ട് ഹാക്കിംഗ്: ക്യാമറയിലെ ദൃശ്യങ്ങൾ ഫോണിൽ കാണാൻ ഉപയോഗിക്കുന്ന ആപ്പിന്റെ യൂസർനെയിമും പാസ്വേഡും ചോർത്തിയെടുത്ത് ഹാക്കർമാർ ദൃശ്യങ്ങൾ കാണാറുണ്ട്.
ഹാക്കർമാരിൽ നിന്നും കുടുംബങ്ങളെ എങ്ങനെ സംരക്ഷിക്കാം?
ശക്തമായ പാസ്വേഡ് നൽകുക: ക്യാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ കമ്പനി നൽകിയ പാസ്വേഡ് മാറ്റി, അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും അടങ്ങിയ സങ്കീർണ്ണമായ പുതിയ പാസ്വേഡ് നൽകുക.
ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA): ക്യാമറ ആപ്പുകളിൽ 2FA ഓൺ ചെയ്യുക. ഇത് വഴി മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ നിങ്ങളുടെ ഫോണിലേക്ക് ഒടിപി (OTP) വരും.
സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുക: ക്യാമറയുടെയും വൈഫൈ റൂട്ടറിന്റെയും ഫേംവെയർ (Firmware) എപ്പോഴും ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. ആപ്പുകളിൽ ‘Auto-Update’ ഓപ്ഷൻ ഉണ്ടെങ്കിൽ അത് ഓൺ ചെയ്തു വെക്കുക.
വിശ്വസനീയമായ ബ്രാൻഡുകൾ വാങ്ങുക: വിലകുറഞ്ഞതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ക്യാമറകൾ ഒഴിവാക്കുക. യുഎഇയിൽ അംഗീകാരമുള്ള നല്ല ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കുക.






