റാസൽഖൈമ ബസ് അപകടത്തിൽ മരിച്ച തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷിന്റെ (26) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകാൻ ശ്രമം നടക്കുന്നു. ദൈദ് ആശുപത്രിയിൽ നിന്ന് മൃതദേഹം ദുബായ് മുഹൈസിനയിലെ എംബാമിങ് സെന്ററിലേക്ക് മാറ്റി. മറ്റ് മലയാളികളുടേത് ഉൾപ്പെടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ നടപടിക്രമങ്ങൾ ഇന്നുതന്നെ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
പാസ്പോർട്ട് റദ്ദാക്കൽ അടക്കമുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുകയാണ് ആദ്യ പരിഗണന. അതിന് സാധിക്കാത്ത സാഹചര്യത്തിൽ ദുബായിൽ നിന്നോ ഷാർജയിൽ നിന്നോ കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന വിമാനത്തിൽ കൊണ്ട് പോകാനും ആലോചനയുണ്ട്.
കമ്പ്യൂട്ടർ സയൻസ് എൻജിനീയറായ സങ്കീർത്ത ദുബായിലാണ് ജോലി ചെയ്തിരുന്നത്. മറൈൻ മേഖലയിൽ പുതിയ ജോലി ലഭിച്ചതിനെത്തുടർന്ന് അതിനായുള്ള വിസ നടപടികൾ പൂർത്തിയാക്കാൻ ഒമാനിൽ പോയി മടങ്ങുകയായിരുന്നു അവർ. തിരിച്ചറിഞ്ഞ മറ്റ് മലയാളികളുടെ മൃതദേഹങ്ങളും ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ വ്യക്തമാക്കി.






